
തിരുവനന്തപുരം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിനു കൈമാറി. എന്നാല്‍ സതീഷിന് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷിനെ വലിയതുറ പൊലീസിന് കൈമാറിയിരുന്നു. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.
അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവില്‍ തെളിവുകള്‍ ഇല്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നെങ്കില്‍ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നു. അക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടതുണ്ട്. അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോണ്‍സുലേറ്റ് നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോട്ടോയും വീഡിയോയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവ് വന്ന് 10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതിയുടെ നിര്‍ദ്ദേശം.
മരണത്തിനു പിന്നില്‍ സതീഷാണെന്നു അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീഷിനെതിരെ നേരത്തെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ജൂലൈ 19ന് പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറുമായ സതീഷിനെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. താന്‍ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സതീഷ് പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി. അതുല്യ മരിക്കുന്നതിന് മുന്‍പ്, തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് അതുല്യയെ ഉപദ്രവിക്കുന്ന സതീഷാണ് ഈ വിഡിയോയില്‍ ഉള്ളത്.
അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും സതീഷില്‍ നിന്നേറ്റ പീഡനത്തിന്റെ മുറിവുകളുണ്ടായിരുന്നു. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സതീഷ് പറഞ്ഞത്. സതീഷ് സ്ഥിരം മദ്യപിക്കുമെന്നും കുടിച്ചു കഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നതിനു മുന്‍പേ യുവതി ജീവിതത്തോട് വിടപറഞ്ഞു.
വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാര്‍ജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.




