കഴിഞ്ഞദിവസമാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് നിര്‍മാണക്കമ്പനി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ബേസില്‍ ജോസഫ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് വീഡിയോയും ബേസില്‍ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രഖ്യാപന പോസ്റ്റിന് വന്നിരിക്കുന്ന രസകരമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ടൊവിനോ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരാണ് രസകരമായ ആശംസാക്കുറിപ്പുകളുമായി എത്തിയിരിക്കുന്നത്.
‘അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം’ എന്നാണ് ബേസില്‍ കുറിച്ചത്. ഇതിനുള്ള ആദ്യ പ്രതികരണം ടൊവിനോയുടേതായിരുന്നു.
‘അഭിനന്ദനങ്ങള്‍. അപ്പോ എങ്ങനെയാ ആദ്യത്തെ പ്രൊഡക്ഷന്‍, ഞാന്‍ അല്ലേ നായകന്‍’ എന്നാണ് ടൊവിനോ കുറിച്ചത്. ‘ആദ്യത്തെ പടത്തില്‍ ഞാന്‍ തന്നെ നായകന്‍, നിന്നെ വേണേല്‍ വില്ലനാക്കാം’ എന്നായിരുന്നു ഇതിന് ബേസില്‍ നല്‍കിയ മറുപടി. ഇതിന് ടൊവിനോ വീണ്ടും മറുപടിയുമായെത്തി. ‘ഇടിപ്പടം ആണോ നിന്നെ നല്ല ഇടി ഇടിക്കാന്‍ അവസരം ഉണ്ടെങ്കില്‍ വില്ലനാവാനും മടിക്കില്ല ഞാന്‍’ എന്നാണ് ടൊവിനോയുടെ രസകരമായ പ്രതികരണം.
ചേട്ടാ ഈ പൈസ പാവങ്ങള്‍ക്ക് കൊടുത്തുകൂടേ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണിയുടെ കമന്റ്. പ്രൊഡക്ഷന്‍ കമ്പനിയുടെ ടൈറ്റില്‍ ഗ്രാഫിക്‌സിന്റെ പശ്ചാത്തലത്തില്‍ ബേസില്‍ ചിരിക്കുന്ന ശബ്ദമാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ സൂചിപ്പിക്കുന്ന രീതിയില്‍ ‘ആ ചിരി’ എന്നാണ് നടി നിഖില വിമല്‍ കമന്റ് ചെയ്തത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, ആന്റണി വര്‍ഗീസ് പെപ്പേ, നടി ഗൗതമി നായര്‍, സംവിധായകരായ നഹാസ് ഹിദായത്ത്, ഡിജോ ജോസ് ആന്റണി, ജിതിന്‍ ലാല്‍ എന്നിവരും ബേസിലിന് ആശംസകളുമായെത്തി.
അതേസമയം ബേസില്‍ നിര്‍മിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനസഹായിയായി തുടങ്ങി സംവിധായകനായും നടനായും ബേസില്‍ മലയാള സിനിമയില്‍ സജീവമാണ്. ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നല്‍മുരളി’ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ‘മരണമാസ്’ ആണ് ബേസില്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തില്‍ അദ്ദേഹം അതിഥിവേഷത്തിലുമെത്തിയിരുന്നു.




