Sunday, April 12, 2026
Google search engine
HomeNewsKerala Newsഇറാന്‍ സ്വദേശിനിയുമായി പലതവണ വീട്ടിലെത്തി, മറ്റൊരു യുവതി വന്നതിലും വഴക്ക്; കൃത്യമായി പദ്ധതി തയാറാക്കി കൊലപാതകം

ഇറാന്‍ സ്വദേശിനിയുമായി പലതവണ വീട്ടിലെത്തി, മറ്റൊരു യുവതി വന്നതിലും വഴക്ക്; കൃത്യമായി പദ്ധതി തയാറാക്കി കൊലപാതകം

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ കേസിലെ പ്രതി സാം 59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സിന് എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.

പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ല.

ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശ പ്രകാരം വൈക്കം ഡിവൈഎസ്പി ടി.പി.വിജയന്‍, എസ്എച്ച്ഒ ഇ.അജീബ്, എസ്‌ഐമാരായ മഹേഷ് കൃഷ്ണന്‍, വി.വിനോദ്കുമാര്‍, എഎസ്‌ഐ ടി.എച്ച്.നിയാസ്, സിപിഒ പ്രേംകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

കൃത്യമായി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ജെസിയുടെ കൊലപാതകം സാം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തിയിറങ്ങി നില്‍ക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിയത്. നാട്ടില്‍നിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി. തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുന്‍പേ വിദേശ വനിതയ്‌ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.

50 അടി താഴ്ചയില്‍ ജീര്‍ണിച്ച നിലയിലായിരുന്ന മൃതദേഹം. ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്‌നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടര്‍ന്ന് അവിടെത്തന്നെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂര്‍ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments