പാലക്കാട്: ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ട വിഷയത്തില്‍, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സര്‍ക്കാര്‍ വിചാരിക്കേണ്ടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ മസാല പുരട്ടിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യര്‍ തയാറല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാരിനെതിരെ ഈ നാട് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി സംഘടിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലൈംഗിക ആരോപണ വിധേയനായതിനു ശേഷം മൗനത്തിലായിരുന്ന രാഹുല്‍ കൂടുതല്‍ സജീവമാകുന്നതിന്റെ സൂചനയാണ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തില്‍, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സര്‍ക്കാര്‍’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാര്‍ത്തകള്‍ക്കു പിന്നാലെ പോകാന്‍ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യര്‍ തയാറല്ല. ഞങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’, ഉദ്യോഗസ്ഥരോ , ദേവസ്വം ബോര്‍ഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സര്‍ക്കാരാണ്.
ഒരുപാട് ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്തി, സംശയത്തിന്റെ അനുകൂല്യത്തില്‍, കട്ട സ്വര്‍ണത്തിന്റെ പണക്കൊഴുപ്പിന്റെ പിആറില്‍ രക്ഷപ്പെടാം എന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട. ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്,
- ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
- ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
- ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാരിന് എതിരെ ഈ നാട് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും….




