ന്യൂഡല്‍ഹി: ‘ഡേയ്, ഇന്ത താടി ഇരുന്താല്‍ യാര്‍ക്കാടാ പ്രച്‌ന’മെന്നത് തുടരും സിനിമയിലെ മോഹന്‍ലാലിന്റെയും ശോഭനയുടെയു സംഭാഷണമാണ്. മോഹന്‍ലാല്‍ താടി വെട്ടാനൊരുങ്ങുമ്പോള്‍ ‘ആ താടി തൊട്ടാല്‍ കൈ ഞാന്‍ വെട്ടും’ എന്ന ശോഭനയുടെ ഡയലോഗിനു മറുപടിയായാണു മോഹന്‍ലാല്‍ സ്വയം ഇതു ചോദിക്കുന്നത്…
ദാ ഇപ്പോള്‍ ആ താടി ഇപ്പോള്‍ ദേശീയതലത്തില്‍ ‘പ്രച്‌ന’?മായിരിക്കുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ, ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്.കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണെത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം.
യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സമാന വിമര്‍ശനം പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉയര്‍ത്തി. സിഖ് വിഭാഗക്കാര്‍ക്കു മാത്രമാണു താടിയുടെ കാര്യത്തില്‍ ഇളവുള്ളത്.




