മുംബൈ: ഏഷ്യാകപ്പ് ടീം പ്രഖ്യാപനം അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ക്കൊരുങ്ങി സിലക്ഷന്‍ കമ്മിറ്റി. യുവതാരങ്ങളുടെ നിരയുമായി മുന്നോട്ടുപോകാനാണ് സിലക്ഷന്‍ കമ്മിറ്റിയുടെ നീക്കം. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ടീമിലെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചൊവ്വാഴ്ച സിലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമാണു ടീം പ്രഖ്യാപിക്കുക.
2025 ഐപിഎലില്‍ കഴിവു തെളിയിച്ച യുവതാരങ്ങളെ കൂടുതലായി ടീമിലെടുക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സിലക്ടര്‍മാര്‍ ഇതു പരിഗണിക്കാന്‍ സാധ്യതയില്ല. തിലക് വര്‍മയെ ഒഴിവാക്കി ശുഭ്മന്‍ ഗില്ലിനെ ടീമിലെടുക്കാനായിരുന്നു ഒടുവിലത്തെ നീക്കങ്ങള്‍. എന്നാല്‍ നന്നായി കളിക്കുന്ന തിലക് വര്‍മയെ എന്തിന് മാറ്റിനിര്‍ത്തണമെന്ന് മറുവിഭാഗവും വാദിക്കുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ശുഭ്മന്‍ ഗില്‍ ഏഷ്യാ കപ്പ് കളിക്കാന്‍ സാധ്യതയില്ല.
സഞ്ജുവും അഭിഷേക് ശര്‍മയും തന്നെ ഓപ്പണര്‍മാരാകുമ്പോള്‍ യശസ്വി ജയ്‌സ്വാള്‍ മൂന്നാം ഓപ്പണറാകും. ഓപ്പണിങ് സഖ്യം പാളിയാല്‍ മാത്രമാകും ജയ്‌സ്വാളിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുക. കഴിഞ്ഞ ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെയും ബിസിസിഐ പരിഗണിക്കാന്‍ സാധ്യതയില്ല. അയ്യരെ ടീമിലെടുത്താലും എവിടെ കളിപ്പിക്കുമെന്നതാണ് സിലക്ടര്‍മാര്‍ക്കു മുന്നിലുള്ള ചോദ്യം.
പ്രധാന പേസറായി ജസ്പ്രീത് ബുമ്ര വരുമ്പോള്‍ മുഹമ്മദ് സിറാജിനെ ടീമിലെടുക്കാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. സിറാജിന്റെ പരുക്കും വെല്ലുവിളിയാണ്. പേസര്‍ മുഹമ്മദ് ഷമിക്കും ടീമില്‍ അവസരമുണ്ടാകില്ല. അതേസമയം യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെയാകും മറ്റു പേസര്‍മാരായി ടീമിലെത്തിക്കുക. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു സാംസണു വെല്ലുവിളിയുണ്ടാകില്ല. രണ്ടാം വിക്കറ്റ് കീപ്പറാകാന്‍ ജിതേഷ് ശര്‍മയും ധ്രുവ് ജുറേലും തമ്മിലാണു മത്സരം.




