Saturday, June 6, 2026
Google search engine
HomeNewsKerala News'പ്രശ്‌നം പരിഹരിച്ചെന്ന് കലക്ടര്‍ പറയട്ടേ, എന്നിട്ടാകാം പിരിവ്'; പാലിയേക്കര ടോളിന് വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

‘പ്രശ്‌നം പരിഹരിച്ചെന്ന് കലക്ടര്‍ പറയട്ടേ, എന്നിട്ടാകാം പിരിവ്’; പാലിയേക്കര ടോളിന് വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: ഗതാഗത കുരുക്ക് രൂക്ഷമായ ദേശീയപാത മണ്ണുത്തിഇടപ്പള്ളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്പ്പിച്ച ഉത്തരവ് പിന്‍വലിക്കൂ എന്ന് ഹൈക്കോടതി. കോടതി നിര്‍ദേശിച്ചത് അനുസരിച്ച് തൃശൂര്‍ കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായി നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി. ദേശീയപാത അതോറിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കാര്യങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല എന്നാണ് കലക്ടറുടെ വിശദീകരണത്തില്‍നിന്നും മനസ്സിലാകുന്നതെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന്, കേസ് തിങ്കളാഴ്ച്ചത്തേക്കു മാറ്റി. അവശേഷിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് അന്ന് വിശദീകരിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചു. എത്രയും വേഗം ടോള്‍ പിരിവ് അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യര്‍ഥിച്ചു. പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കാനായിരുന്നു കോടതി നിര്‍ദേശം.

ദേശീയപാതയില്‍ മണ്ണുത്തി ഇടപ്പള്ളി മേഖലയിലെ ഗതാഗത കുരുക്ക് സംബന്ധിച്ചുള്ള നിലവിലെ സ്ഥിതി തൃശൂര്‍ കലക്ടര്‍ ഓണ്‍ലൈനിലൂടെ ഹാജരായി വിശദീകരിക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെന്നും ഗതാഗതം സുഗമമായെന്നും അറിയിച്ച ദേശീയ പാത അതോറിറ്റി ടോള്‍ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും ഗതാഗതം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് കലക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ കാനകള്‍, കലുങ്കുകളുടെ സ്ലാബുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാന്‍ ദേശീയ പാത അതോറിറ്റിയോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു. സമയാസമയം ടാറിങ് നടത്തി സര്‍വീസ് റോഡുകള്‍ നല്ല രീതിയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ ഗതാഗതം സുഗമമായി മുന്നോട്ടു പോകുകയുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments