തൊടുപുഴ: ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിനു ദൃക്‌സാക്ഷിയാണ് അയല്‍വാസി കല്ലുറുമ്പില്‍ രാഹുല്‍ രാജന്‍. ക്രൂരകൃത്യം നടന്ന് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ രാത്രിയിലെ കാഴ്ചകള്‍ രാഹുലിന്റെ മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും അവരുടെ രണ്ടു മക്കളെയും മുറിയില്‍ പൂട്ടിയിട്ടു പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസില്‍ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിന് (82) ഇന്നലെ തൊടുപുഴ മുട്ടം ഒന്നാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ.ബാല്‍ വധശിക്ഷ വിധിച്ചിരുന്നു.
2022 മാര്‍ച്ച് 19നു പുലര്‍ച്ചെ 12.30ന് ആയിരുന്നു സംഭവം. തൊടുപുഴ ചീനിക്കുഴി മുഹമ്മദ് ഫൈസല്‍ (ഷിബു45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പിതാവും മകനുമായുണ്ടായ വഴക്കാണു കൊലപാതക കാരണം.
അന്ന് പുലര്‍ച്ചെ 12.45നു മുഹമ്മദ് ഫൈസലിന്റെ ഫോണില്‍ നിന്നുള്ള വിളി കേട്ടാണ് രാഹുല്‍ ഞെട്ടിയുണര്‍ന്നത്. ‘ചേട്ടായി രക്ഷിക്കണേ..’ എന്ന് ഫൈസലിന്റെ മകള്‍ അസ്‌നമോളുടെ നിലവിളി ഫോണില്‍ മുഴങ്ങി. പുറത്തിറങ്ങി നോക്കുമ്പോള്‍ത്തന്നെ ഫൈസലിന്റെ വീട്ടില്‍ തീയാളുന്നതു കാണാമായിരുന്നു. വീട് മുന്‍ഭാഗത്തു നിന്നു പൂട്ടിയിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് ഹാളില്‍ കയറി, കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അതും ചവിട്ടിത്തുറന്നെങ്കിലും തീ കാരണം ഒന്നും കാണാന്‍ സാധിച്ചില്ല. കിടക്കയ്ക്ക് തീ പിടിച്ചിരിക്കുകയായിരുന്നു.
രാഹുല്‍ പറയുന്നു: ”ഫൈസലിന്റെ ശബ്ദം കേട്ട് വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് ഓടിയപ്പോള്‍ മുന്‍വാതിലിലൂടെ പ്രതി ഹമീദ് മുറിയിലേക്ക് പെട്രോള്‍ കുപ്പി എറിഞ്ഞു. ഓടി പുറത്തുവന്നു ഞാന്‍ ഹമീദിനെ തള്ളിമാറ്റി. അടുക്കളയില്‍ ഒട്ടും വെള്ളം ഉണ്ടായിരുന്നില്ല. ഫ്രിജ് തുറന്ന് അതിലുണ്ടായിരുന്ന മോരുംവെള്ളം മുറിയിലേക്ക് ഒഴിച്ചു. വെള്ളം കോരിയൊഴിക്കാന്‍ കിണറിന്റെ അടുത്തെത്തി നോക്കി. കപ്പിയും കയറും ഉണ്ടായിരുന്നില്ല. മോട്ടറിലേക്കുള്ള വൈദ്യുതി കണക്ഷനും വിഛേദിച്ചിരുന്നു. ഇതിനകം ഫൈസലും ഭാര്യയും മക്കളും ശുചിമുറിയില്‍ക്കയറി വാതില്‍ അടച്ചിരുന്നു. അല്‍പം കഴിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എനിക്ക് 3 പെണ്‍മക്കളാണ്. എനിക്കു മക്കളെപ്പോലെയായിരുന്നു മെഹ്‌റിനും അസ്‌നയും.”
ഹമീദിനെ ഒരിക്കല്‍ ജയിലില്‍ പോയി കണ്ടിരുന്നതായി രാഹുല്‍ പറയുന്നു. അന്ന് ഒരു ചോദ്യം മാത്രമാണ് അയാളോട് ഞാന്‍ ചോദിച്ചത്: ‘വല്യുപ്പാ എന്തിനാണ് എന്റെ പിള്ളേരെ കത്തിച്ചത്?’




