തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും ബി ജെ പി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി സഖ്യം, മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം എന്നിവയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ എന്താണ് കോൺഗ്രസിന്റെ നിലപാടെന്നും വി.മുരളീധരൻ ചോദിച്ചു.
സി പി എം – കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ
തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം ചെമ്പഴന്തി ലോക്കൽ കമ്മറ്റി അംഗവുമായ ആനി അശോകൻ, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷററും സി പി എം പൂന്തല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ഹരീഷ്. ഡി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി ജെ പി അംഗത്വം നൽകി.
ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന വി. ദിലീപ്, ഏരിയ കമ്മറ്റി അംഗം അഖിൽ വേണു, സി പി എം ബ്രാഞ്ച് മെമ്പർ സജു.ജി, മുഹമ്മദ് ഷെഫീക്, റാം കുമാർ, ഷമാസ്, സലാഹുദ്ദീൻ, ഐ.ടി. പ്രൊഫഷണലുകളായ അരവിന്ദ്, മീര സുബ്രഹ്മണ്യൻ, അനന്തൻ അനിൽകുമാർ, വിഷ്ണു പ്രസാദ് തുടങ്ങിയവരും ബി ജെ പിയിൽ ചേർന്നു. വളരെ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് ബി ജെ പി യിലേക്ക് പ്രവേശിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ്, വൈസ് പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന എന്നിവരും പങ്കെടുത്തു.




