കേരള പോലീസിന്‍റെ സ്ത്രീ സുരക്ഷയ്ക്കായുള്ള “നിര്‍ഭയ നിശ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11:00 മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാത്രി 09 മണി മുതല്‍ രാവിലെ 05 മണിവരെ സ്ത്രീകള്‍ക്ക് ജോലി, പഠനം, ചികിത്സ, കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ എന്നിവയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് പോലീസ് സേനയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇ.ആര്‍.എസ്.എസ്), പോല്‍ -ആപ്പിലെ SOS ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നൂതന പദ്ധതിയാണ് നിര്‍ഭയ നിശ പദ്ധതി.
അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 08 ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
നിര്‍ഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ അധികമായി യാത്രചെയ്യുന്ന തിരക്കുള്ള നഗരപ്രദേശങ്ങളില്‍ എ.ഐ ക്യാമറകളും അപകട വേളകളില്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാനായി അലാറം, പാനിക് ബട്ടന്‍ എന്നീ സൗകര്യമുള്ളതും കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യല്‍ റിക്കവേഷന്‍ സംവിധാനത്തോടു കൂടിയതുമായ നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. പാനിക് ബട്ടന്‍ ഉള്‍പ്പെടെയുള്ള നിര്‍ഭയ പോളുകള്‍ സ്ഥാപിക്കുന്നതു വഴി പ്രതിസന്ധിഘട്ടങ്ങളില്‍ പോലീസ് സേവനം എത്രയും വേഗം എത്തിക്കുവാന്‍ സാധിക്കുന്നതാണ്.
സ്ത്രീസുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ഗാര്‍ഹിക പ്രശ്നപരിഹാര കേന്ദ്രങ്ങള്‍, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി, നിര്‍ഭയ, പിങ്ക് പട്രോള്‍ തുടങ്ങി നിരവധി കര്‍മ്മ പദ്ധതികള്‍ കേരള പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
നിര്‍ഭയ നിശ പദ്ധതിയിലൂടെ കേരള പോലീസില്‍ നിലവില്‍ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് വനിത ശിശുവികസന വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ സമഗ്രവും ഏകീകൃതവുമായ ഒരു സ്ത്രീ സുരക്ഷാ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
എം.എല്‍.എ വി.കെ പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത്, എച്ച് വെങ്കടേഷ്, ഐ.ജിമാരായ ഗുഗുലോത്ത് ലക്ഷ്മണ്‍, എസ്. അജീത ബീഗം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.




