Friday, September 4, 2026
Google search engine
Homeമികച്ച ഫിലിം സൊസൈറ്റികൾക്കും ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തണം

മികച്ച ഫിലിം സൊസൈറ്റികൾക്കും ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തണം

സാബു ശങ്കർ ( നോവലിസ്റ്റ് , ചലച്ചിത്ര ഗ്രന്ഥകാരൻ , സംവിധായകൻ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ലക്‌ഷ്യം എന്ത് ?, പ്രവർത്തന തലങ്ങൾ ഏതൊക്കെ ? , എന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ അർത്ഥവത്തായി , ലോകശ്രദ്ധേയമായി , മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ . സമൂഹത്തിൽ ഫിലിം സൊസൈറ്റികൾ നിർവ്വഹിക്കുന്ന ചരിത്രപരമായ , സൗന്ദര്യശാസ്ത്രപരമായ പങ്ക് എന്തെന്ന് ഏറെ പേർക്കും അറിയില്ല. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വന്നുചേരുന്നവർ ഈ ചലച്ചിത്രകലാധാരയുമായി ബന്ധമുള്ളവരുമല്ല .

ലോകത്ത് യഥാർത്ഥ ഫിലിം സൊസൈറ്റികൾ വാസ്തവത്തിൽ ഒരു ചലച്ചിത്ര യൂണിവേഴ്സിറ്റി ആണെന്ന് പറയാം . കേരളത്തിൽ പതിന്നാല് ജില്ലകളിലായി മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന പതിനഞ്ചോളം ഫിലിം സൊസൈറ്റികൾ മാത്രമേ ഉള്ളൂ . വാർഷിക പ്രവർത്തന റിപ്പോർട്ട് പരിശോധിച്ചാൽ , യഥാർത്ഥ പ്രവർത്തനം പരിശോധിച്ചാൽ അത് മനസ്സിലാക്കാം . ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയിൽ കേരളമേഖലയുടെ കൗൺസിലിൽ ഭരണസമിതി സ്ഥിരമായി പിടിച്ചെടുക്കാൻ ഇരുപതോളം വ്യാജ ഫിലിം സൊസൈറ്റികളും രംഗത്തുണ്ട് .

പുതിയ കണക്ക് പ്രകാരം അഫിലിയേഷൻ ലഭിച്ചിട്ടുള്ള ഫിലിം സൊസൈറ്റിയുടെ എണ്ണം വെറും നാല്പത്തിയാറ് . കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഫിലിം സൊസൈറ്റിയുടെ നിലനിൽപ്പിനായി നൽകുന്ന വാർഷിക ഗ്രാന്റ് അൻപത് ലക്ഷം രൂപ . ഭരണസമിതിയുടെ ഇഷ്ടാനിഷ്ടങ്ങൾ പോലെ പ്രസ്തുത ഗ്രാൻറ് ദുരുപയോഗിക്കുന്നു . ഇതിനെതിരെ വിജിലൻസ് കേസും നടക്കുന്നു . മികച്ച പ്രവർത്തനം നടത്തുന്ന പല ഫിലിം സൊസൈറ്റികളും ഗ്രാന്റ് വാങ്ങിക്കാതെ മാറിനിൽക്കുന്നു . ഉത്തരവാദിത്വം ഉള്ളതുകൊണ്ട് മാത്രം ഏതാനും ഫിലിം സൊസൈറ്റികൾ വളരെ ബുദ്ധിമുട്ടി അതിജീവിക്കുന്നു . അതുകൊണ്ട് ഫിലിം സൊസൈറ്റികൾക്കും ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തേണ്ടതുണ്ട് .

മികച്ച സർഗ്ഗാത്മക സിനിമ അല്ലെങ്കിൽ ചലച്ചിത്രകല എന്നത് മനസ്സിലാക്കാൻ കലയുടെ പരിണാമവും ലോകസിനിമയുടെ ചരിത്രവും സൗന്ദര്യ തത്വശാസ്ത്രവും ഒക്കെ അറിഞ്ഞേ തീരു . പൊതുവെ അതത്ര എളുപ്പമുള്ള കാര്യവുമല്ല . ഗഹനമായ ആ കാര്യങ്ങളെ കുറിച്ചുള്ള അറിവാണ് ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതും .

ഒന്നാമതായി നാം മനസ്സിലാക്കേണ്ടുന്ന കാര്യം തീയേറ്റർ വ്യവസായ വിനോദ സിനിമയും പ്രതിഭാപരമായ ആശയ സിനിമയും രണ്ടു ധാരകളിൽ ഉള്ളതാണ് എന്നുള്ളതാണ് . ഒന്ന് , പോപ്പുലർ ധാര . രണ്ടാമത്തേത് , ക്‌ളാസിക്കൽ ധാര .

കാലത്തിനൊപ്പം സഞ്ചരിക്കുക , ലോകത്തെ അറിയുക , ചിന്തിക്കുക , പ്രവർത്തിക്കുക എന്നത് സുപ്രധാനമാണ് . ഇതൊരു ബോധനിലവാര പ്രശ്ന വിഷയമാണ് . സാംസ്‌കാരിക സാക്ഷരതയുടെ വിഷയ പ്രശ്നവുമാണ് . അറിവിന്റെയും ആശയത്തിന്റെയും ആസ്വാദനത്തിന്റെയും പരിമാണത്തിൽ രണ്ട് നിലവാരങ്ങളെ നാം കാണുന്നു . ഒന്ന് , ജീവിത ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക, സാധാരണ നിലവാരം . മറ്റൊന്ന് , ബോധനപരമായി ആർജ്ജിച്ചെടുക്കുന്ന സാംസ്‌കാരിക നിലവാരം . ഈ വൈരുധ്യങ്ങൾ തമ്മിൽ സമാസമം എങ്കിലും നിലനിൽക്കുന്ന ദേശങ്ങളിൽ സാംസ്‌കാരിക ബൗദ്ധിക വൈജ്ഞാനിക കലാവൈഭവ രംഗങ്ങൾ മുന്നോട്ട് പോകും . ഇവ തമ്മിൽ ധ്രുവീകരണം സംഭവിച്ചാൽ ആ ദേശം നശിക്കാൻ തുടങ്ങും .

ഉന്നതവും മാനവികവും സാർവ്വജനീനവും നൂതനവും ഉത്തമവുമായ നിലവാരം ക്‌ളാസിക്കൽ സിനിമയുടേതാണ് . ഇത്തരത്തിലുള്ള ചലച്ചിത്ര സൃഷ്ടികളെ നാം വിശ്വ സിനിമ എന്ന് വിളിക്കുന്നു . അവയെ ഏതു രാജ്യക്കാർക്കും ഉൾക്കൊള്ളാനും ആസ്വദിക്കാനും സാധിക്കും . പ്രചോദനങ്ങളുണ്ടാകും . പ്രതികരിക്കാനുമാവും . രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്നത് ഈ സുബോധധാരാ സൃഷ്ടികളാണ് .

ഒരാൾ സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഗ്രഹിക്കുന്ന വിഷയങ്ങൾ ഓരോ വർഷവും കഴിയുമ്പോൾ ഘട്ടം ഘട്ടമായി വികസിക്കുന്നു . യൂണിവേഴ്സിറ്റി വിദ്യാഭ്യാസ തലത്തിലെത്തുമ്പോൾ വായനയും അറിവും വർധിക്കുന്നു . പിന്നെ സ്വതന്ത്രമായ വായനയിലേക്കും സംസർഗ്ഗത്തിലേക്കും കടക്കുമ്പോൾ തനതായൊരു വ്യക്തിത്വം ആർജ്ജിക്കുന്നു . സാഹിത്യമായാലും സാങ്കേതികമായാലും ശാസ്ത്രമായാലും തത്വശാസ്ത്രമായാലും ഘട്ടം ഘട്ടമായ വികാസം ഒരാളുടെ ജീവിതത്തിൽ കാണാൻ കഴിയും .
ആർജ്ജിത വ്യക്തിത്വങ്ങളെ അറിയുവാനും കഴിയും . ഒരുപക്ഷെ ബോധനനിലവാരം അനുസരിച്ച് ലോകപൗരനായി മാറുവാനും സാധിക്കും .

ഇവിടെ സാർവലൗകിക വീക്ഷണത്തിൽ വ്യക്തിത്വം പ്രകാശിക്കാൻ തുടങ്ങുന്നു . വിവിധ രംഗങ്ങളിൽ പ്രകാശം വർഷിക്കാനും തുടങ്ങുന്നു . ചലച്ചിത്രം എന്ന കലാരൂപ വിഷയത്തിലും ഇങ്ങനെ സംഭവിക്കുന്നു . അറിവിന്റെ വികാസവും ആസ്വാദനക്ഷമതയുടെ പര്യാപ്തതയും കൈവരിക്കുന്നു . സാഹിത്യം , നാടകം , കവിത , ചിത്രകല, സംഗീതം തുടങ്ങി ഏതൊരു കലാരൂപത്തെക്കാളും കൂടുതൽ സാധ്യത ചലച്ചിത്രകലയ്ക്കാണ് എന്നൊരു തിരിച്ചറിവും സംഭവിച്ചേക്കാം . ഇത് ഒരു കലാകാരന്റെ രൂപാന്തരം ആയി വ്യാഖ്യാനിക്കുകയും ചെയ്യാം . ഒരു വ്യക്‌തിയുടെ, ആസ്വാദകന്റെ പക്വതയാർന്ന നിലവാരമായി പരിഗണിക്കുകയും ചെയ്യാം .

പ്രാദേശിക തീയേറ്ററുകളിലെ ടിക്കറ്റ് കൗണ്ടർ എന്ന ബോക്സ് ഓഫീസിൽ പണം നിറയുന്നതിനു ആനുപാതികമായ പ്രദർശന മാനദണ്ഡമാണ് ജനപ്രിയ സിനിമയുടേത് . ഒരാളുടെ ജീവിതത്തിൽ ഈ പോപ്പുലർ വിനോദ സിനിമ ആസ്വാദനത്തിന്റെ , അറിവിന്റെ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തോട് ഉപമിക്കാം . പിന്നീടുള്ള വളർച്ചയുടെ ഘട്ടങ്ങൾ കൂടുതൽ മികച്ച സൃഷ്ടികളുമായുള്ള പരിചയപ്പെടലിന്റേതാണ് . അങ്ങനെ ഒരാൾ ഉന്നതമായ , ഉദാത്തമായ , യുക്തിഭദ്രമായ ലോക സിനിമയുടെ ആസ്വാദനത്തിലേക്കും ഗ്രഹണക്ഷമതയിലേക്കും വളരുന്നു . ഇതിനുള്ള സൗകര്യം ഒരുക്കുന്നത് ഫിലിം സൊസൈറ്റികൾ എന്ന ചലച്ചിത്ര യൂണിവേഴ്സിറ്റിയിലൂടെയാണ് . കോളേജുകളിൽ ഫിലിം ക്ലബുകൾ രൂപീകരിക്കുന്നതും ഈ ഉദ്ദേശത്തോടു കൂടിയാണ് .

ചുരുക്കിപ്പറഞ്ഞാൽ ലോക മാനവ ചിന്തകളും അറിവുകളും കേരളീയ സാംസ്‌കാരിക മണ്ഡലത്തിൽ അറുപതുകളിൽ പ്രതിഫലിച്ചിരുന്നു . മികച്ച മലയാള സാഹിത്യ കൃതികളെ അവലംബമാക്കി നിർമ്മിച്ച മലയാള സിനിമകളിൽ ജീവിത യാഥാർഥ്യത്തിന്റെ തുടിപ്പുകൾ പ്രേക്ഷകരെ ആകർഷിച്ചിരുന്നു . പിന്നീടതിനു ധ്രുവീകരണം സംഭവിച്ചു . സാമ്പത്തിക അത്യാഗ്രഹത്തിനു പ്രാധാന്യം നല്കിയതുകൊണ്ടാവാം മലയാള സിനിമയ്ക്ക് ഗുണപരമായ പരിണാമം സംഭവിക്കാതെ പോയത് . കലാമൂല്യമുള്ള , പ്രതിഭാധന്യമായ സിനിമ തഴയപ്പെടുന്ന അവസ്ഥയും ഉണ്ടായി . അങ്ങനെ പ്രേക്ഷക മനശാസ്ത്രത്തിലും മികച്ച സിനിമയെ കുറിച്ചുള്ള സാക്ഷരത നഷ്ടമായി . എഴുപതുകളിൽ സജീവമായ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ചലച്ചിത്രകലയിൽ പ്രചോദന രണനങ്ങളുണ്ടായി . ഗ്രന്ഥശാലാ പ്രവർത്തകരും ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകരും അധ്യാപകരും ബാങ്ക് ജീവനക്കാരും ശാസ്ത്ര സ്ഥാപനങ്ങളിലെ ജീവനക്കാരും കലാകാരന്മാരും പ്രതിഭകളും സജീവമായി . നൂറിലധികം ഫിലിം സൊസൈറ്റികൾ കേരളത്തിൽ വളർന്നുവന്നു . പുതിയൊരു ആസ്വാദന തരംഗം പടർന്നു . ചലച്ചിത്ര നിരൂപണത്തിലും പഠനത്തിലും മാറ്റം വന്നു . അപൂർവ്വം നിർമ്മാണ സംരംഭങ്ങളും ഉണ്ടായി . അങ്ങനെ മലയാള സിനിമയ്ക്ക് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മലയാളത്തിന് സ്ഥാനം നേടിക്കൊടുത്തു …

ഇനിയും ഒട്ടേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട് . കാലത്തിനൊപ്പം ലോകത്തിനൊപ്പം സൗന്ദര്യ ശാസ്‌ത്രപരമായി സഞ്ചരിക്കാനുണ്ട് . ഇതിനായി നമ്മുടെ സമൂഹത്തിൽ കുറച്ചു പേരെയെങ്കിലും പ്രാപ്തമാക്കുന്ന യത്നങ്ങളാണ് അനിവാര്യം . ആ യത്നം കഷ്ടതകൾ സഹിച്ച് നിർവ്വഹിക്കുന്ന ഫിലിം സൊസൈറ്റി വക്താക്കളെ തിരിച്ചറിഞ്ഞ് , കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ , അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടത് അനിവാര്യതയാണ് . മികച്ച ഫിലിം സൊസൈറ്റികൾക്ക് അർഹിക്കുന്ന ഗ്രാന്റും ചലച്ചിത്ര അവാർഡും ഏർപ്പെടുത്തേണ്ടതും അനിവാര്യമാണ് .


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments