ന്യൂഡല്‍ഹി: നവാദ മെട്രോ സ്റ്റേഷനു സമീപത്തെ സ്റ്റഡി സെന്ററില്‍നിന്ന് പതിവ് ട്യൂഷന്‍ കഴിഞ്ഞ് ദിവ്യ ഇറങ്ങുമ്പോള്‍ രാത്രി ഏഴര കഴിഞ്ഞിരുന്നു. സെന്ററിനു മുന്നില്‍ എന്നത്തെയും പോലെ അമ്മ സതി കാത്തുനില്‍പ്പുണ്ട്. ഇറിക്ഷയില്‍ കയറി രണ്ടുപേരും ഓംവിഹാര്‍ ഫേസ് 5ലെ വീടിനു സമീപമെത്തുമ്പോള്‍ 8 കഴിഞ്ഞു.
വീട്ടിലേക്കു നടക്കുന്നതിനിടെ എതിരെ നടന്നുവന്നയാള്‍ പെട്ടെന്ന് അമ്മയെ തള്ളിത്താഴെയിട്ട് കഴുത്തില്‍നിന്ന് മാല പൊട്ടിച്ച് ഓടുന്നു. ഒരുനിമിഷം പോലും ചിന്തിച്ച് നില്‍ക്കാതെ ദിവ്യ അയാള്‍ക്ക് പിന്നാലെ പാഞ്ഞു. തിരക്കേറിയ ഗലികളിലൂടെ വാഹനങ്ങള്‍ക്കിടിയിലൂടെ അര കിലോമീറ്റര്‍ പാഞ്ഞ ദിവ്യ മോഷ്ടാവിനെ കയ്യോടെ പിടികൂടിയ ശേഷമാണ് ഓട്ടം അവസാനിപ്പിച്ചത്. അസാമാന്യ മനോധൈര്യത്തിലൂടെയും നിശ്ചയ ദാര്‍ഢ്യത്തിലൂടെയും ‘സ്റ്റാറായി’ മാറിയിരിക്കുകയാണ് വികാസ്പുരി കേരള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഈ 14 വയസ്സുകാരി.
കരോള്‍ബാഗ് രാമകൃഷ്ണ മിഷന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും ഉത്തംനഗര്‍ ഓംവിഹാര്‍ ഫേസ് അഞ്ചിലെ താമസക്കാരിയുമായ സതി സുനിലും മകളും കഴിഞ്ഞദിവസമാണ് മോഷണശ്രമത്തിന് ഇരയായത്. ഒരു പവന്റെ മാലയും ലോക്കറ്റുമാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. മാല നഷ്ടപെടുമോയെന്ന ഭയത്തെക്കാള്‍ മകളെ മോഷ്ടാവ് ആക്രമിക്കുമോയെന്ന ഭയമായിരുന്നു തന്നെ ആ സമയം അലട്ടിയതെന്നും സതി പറഞ്ഞു. ദിവ്യ മോഷ്ടാവിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും തുടര്‍ന്ന് നിയമനടപടികള്‍ക്കു താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ മാല തിരികെ ലഭിച്ചതായി സതി പറഞ്ഞു. എന്നാല്‍ ലോക്കറ്റ് എവിടെയോ നഷ്ടപ്പെട്ടു. തന്റെ 30 വര്‍ഷത്തെ ഡല്‍ഹി ജീവിതത്തില്‍ ആദ്യമായാണ് മോഷണശ്രമത്തിനു ഇരയാകുന്നതെന്ന് സതി പറഞ്ഞു.
5 വര്‍ഷത്തിലേറെയായുള്ള കരാട്ടെ പഠനമാണ് പ്രതിരോധത്തിനുള്ള ആത്മബലം നല്‍കിയെന്നാണ് ദിവ്യയുടെ അഭിപ്രായം. മോഷ്ടാവിന് പിന്നാലെ ഓടാനുള്ള ഊര്‍ജത്തിന് കാരണവും കരാട്ടെ പഠനം തന്നെ. നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കള്‍ചറല്‍ സെന്ററിലെ ഷീലു ജോസഫിന്റെ ശിക്ഷയാണ് ദിവ്യ. സംഗീതം, ഭരതനാട്യം എന്നിവയും ദിവ്യ അഭ്യസിക്കുന്നുണ്ട്. ദിവ്യയുടെ സഹോദരി ദേവിക സുനില്‍ വൃന്ദാവന്‍ രാമകൃഷ്ണ മിഷന്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. കുടുംബം ആലപ്പുഴ മുട്ടാര്‍ സ്വദേശികളാണ്.




