Wednesday, April 15, 2026
Google search engine
HomeSportഷാഹിദ് അഫ്രീദിക്ക് മാന്യതയില്ല, അധിക്ഷേപിക്കലാണ് എന്നും ഉന്നം: ഇര്‍ഫാന്‍ പഠാന് പിന്തുണയുമായി പാക്ക് താരം

ഷാഹിദ് അഫ്രീദിക്ക് മാന്യതയില്ല, അധിക്ഷേപിക്കലാണ് എന്നും ഉന്നം: ഇര്‍ഫാന്‍ പഠാന് പിന്തുണയുമായി പാക്ക് താരം

ലഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരായ ആരോപണങ്ങളില്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന് പിന്തുണയുമായി അഫ്രീദിയുടെ സഹതാരമായിരുന്ന ഡാനിഷ് കനേരിയ. കരിയറിന്റെ തുടക്കകാലത്ത് പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയപ്പോള്‍ അഫ്രീദി മോശം ഭാഷയില്‍ സംസാരിച്ചിരുന്നതായി ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. നല്ലൊരു വ്യക്തിത്വമോ, മാന്യതയോ ഇല്ലാത്ത ആളാണ് അഫ്രീദിയെന്ന് മുന്‍ പാക്ക് താരം ഡാനിഷ് കനേരിയ ആഞ്ഞടിച്ചു.

”ഇര്‍ഫാന്‍ ഭായ്, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് അഫ്രീദി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കുടുംബത്തെയോ, മതത്തെയോ അതിനായി ഉപയോഗിക്കും.” ഡാനിഷ് കനേരിയ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചു. മതത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ ടീമില്‍നിന്നും അഫ്രീദിയില്‍നിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്ന് കനേരിയ മുന്‍പും ആരോപിച്ചിട്ടുണ്ട്. വിമാന യാത്രയ്ക്കിടെ അഫ്രീദി ‘ചൊറിയാന്‍’ ശ്രമിച്ചെന്നും തന്റെ മറുപടി കേട്ടപ്പോള്‍ പിന്നെ മിണ്ടിയില്ലെന്നുമായിരുന്നു ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

2006ല്‍ ഇന്ത്യ പാക്കിസ്ഥാന്‍ താരങ്ങള്‍ ഒരുമിച്ച് വിമാന യാത്ര നടത്തിയപ്പോഴുള്ള മോശം അനുഭവത്തെക്കുറിച്ചാണ് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്. ”2006ല്‍ പരമ്പരയുടെ ഭാഗമായി ഞങ്ങള്‍ കറാച്ചിയില്‍നിന്ന് ലഹോറിലേക്കു പോകുകയാണ്. രണ്ട് ടീമുകളും ഒരുമിച്ചാണ്. അഫ്രീദി വന്ന് എന്റെ തലയില്‍ കൈവച്ച് മുടിയൊക്കെ അലങ്കോലമാക്കി. എന്തൊക്കെയുണ്ട് കുട്ടി എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. അതിനു ശേഷം അഫ്രീദി എന്നോട് മോശമായി എന്തൊക്കെയോ സംസാരിച്ചു. അഫ്രീദിയുടെ സീറ്റ് എന്റെ അടുത്തായിരുന്നു.”

”എന്റെ അപ്പുറത്തുള്ള സീറ്റില്‍ പാക്ക് താരം അബ്ദുള്‍ റസാഖ് ഇരിപ്പുണ്ട്. പാക്കിസ്ഥാനില്‍ എന്തൊക്കെ മാംസങ്ങള്‍ കിട്ടുമെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. നായമാംസം കിട്ടുമോയെന്നായിരുന്നു എന്റെ സംശയം. ഇതോടെ റസാഖ് ഞെട്ടിപ്പോയി. എന്താണ് ഇങ്ങനെ പറയുന്നതെന്നു ചോദിച്ചു. അഫ്രീദി നായമാംസം കഴിച്ചിട്ട്, കുരച്ചുകൊണ്ടിരിക്കുകയാണെന്നു ഞാന്‍ പറഞ്ഞു. അതിനു ശേഷം അഫ്രീദി എന്നോടു മിണ്ടിയിട്ടില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇപ്പോഴും കുരയ്ക്കുകയാണ് എന്നു പറയാമായിരുന്നു. പിന്നെ വിമാനത്തില്‍ വച്ച് ഒരു വാക്ക് അഫ്രീദി മിണ്ടിയിട്ടില്ല.” ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments