മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററായി ഇറക്കരുതെന്നു നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മയ്‌ക്കൊപ്പം സായ് സുദര്‍ശന്‍, വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാള്‍ ഇറങ്ങണമെന്നാണ് ശ്രീകാന്തിന്റെ ആവശ്യം. കഴിഞ്ഞ ഐപിഎലില്‍ തിളങ്ങിയ താരങ്ങളെ ഓപ്പണറാക്കിയ ശേഷം സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ട്വന്റി20 മത്സരങ്ങളില്‍ അഭിഷേക് ശര്‍മ സഞ്ജു സാംസണ്‍ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ തിളങ്ങാന്‍ മലയാളി താരത്തിനു സാധിച്ചിരുന്നില്ല. ഇതോടെയാണു സഞ്ജുവിനു പകരം പുതിയ താരത്തെ പരീക്ഷിക്കണമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് നിലപാടെടുത്തത്. ”ഇംഗ്ലണ്ടിനെതിരെ ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതില്‍ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സഞ്ജു ഓപ്പണിങ് ബാറ്ററാകരുത്. ഞാന്‍ സിലക്ടര്‍ ആയിരുന്നെങ്കില്‍ അഭിഷേക് ആയിരിക്കും ഒന്നാം നമ്പര്‍ ബാറ്റര്‍. അഭിഷേകിനൊപ്പം വൈഭവ് സൂര്യവംശിയോ, സായ് സുദര്‍ശനോ ഇറങ്ങണം.” ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയില്‍ പ്രതികരിച്ചു.
”വൈഭവ് സൂര്യവംശിയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുക. ട്വന്റി20 ലോകകപ്പിലും വൈഭവിനെ കളിപ്പിക്കണം. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. സായ് സുദര്‍ശനും യശസ്വി ജയ്‌സ്വാളും ഐപിഎലില്‍ നന്നായി കളിച്ചവരാണ്. ഇവരില്‍ ആരെങ്കിലും ഓപ്പണിങ് ബാറ്ററാകട്ടെ. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണും ജിതേഷ് ശര്‍മയും തമ്മിലാകും മത്സരം.” ശ്രീകാന്ത് പ്രതികരിച്ചു. ട്വന്റി20യില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു സാംസണ്‍ മൂന്നു സെഞ്ചറികളുള്‍പ്പടെ 908 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.




