പത്തനംതിട്ട: വീടിന് തീപിടിച്ച് പൊള്ളലേറ്റ ആശപ്രവര്‍ത്തക ഗുരുതരാവസ്ഥയില്‍. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ ആശപ്രവര്‍ത്തക, കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടില്‍ ലതാകുമാരിക്കാണ് (62) പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. പരിചയമുള്ള ഒരു സ്ത്രീയാണ് തീയിട്ടതെന്ന് ലത മൊഴി നല്‍കിയിട്ടുണ്ട്. കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയില്‍ കിടന്ന ഓരോ പവന് വരുന്ന മൂന്ന് വളകള്‍, വിരലിലെ ആറ് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടതായും പറയുന്നു.
വസ്ത്രങ്ങള്‍ പൂര്‍ണമായി കത്തിയനിലയില്‍ അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ലതയെ ഓട്ടോറിക്ഷയിലാണ് മല്ലപ്പള്ളി സ്വകാര്യ ആശുപത്രില്‍ എത്തിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് കീഴ്വായ്പൂര് ജനസേവാകേന്ദ്രം ഉടമ രാമന്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. മകള്‍ വിദേശത്താണ്.
കീഴ്വായ്പൂര് എസ്.ഐ. രാജേഷ്, മല്ലപ്പള്ളി ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഞ്ചായത്ത് അംഗം രോഹിണി ജോസും ഉണ്ടായിരുന്നു. തിരുവല്ലയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.




